Saturday, October 31, 2009

പ്രതീക്ഷ

ഒരു മഹാവൃത്തം.
വൃത്തത്തിനുള്ളിലുള്ളതെല്ലാം മുന്‍പേ
വന്നവര്‍ കൈവശപ്പെടുത്തി.
ഇനി എവിടെയാണാവോ തന്റെ സ്ഥാനം?
ഇനി എന്നാണാവോ അവരതെല്ലാം കൈവിടുക?
കാത്തിരിക്കട്ടെ ഞാന്‍, അവരതെല്ലാം
കൈവിടും വരേയ്ക്കും.

Friday, October 30, 2009

അറിവ്

അറിവെന്ത്‌?
അറിവിന്റെ നിറവെന്ത്?
ഇന്നെന്ത്‌?
ഇന്നിന്റെ നിറമെന്ത്?
ഇന്നെന്നൊന്നില്ലയെന്നതറിവല്ലേ?
ഇന്നിന്റെ നിറമെന്തെന്നറിവില്ലയെന്നതറിവിന്ടെ നിറവല്ലേ?

Thursday, October 29, 2009

ഭൂതാവിഷ്ടന്‍

കഴിഞ്ഞ നിമിഷങ്ങള്‍ വരെ ഭൂതകാലം.
പറഞ്ഞവ പറഞ്ഞുതീരും മുമ്പേ ഭൂതങ്ങളാകവേ
വര്‍ത്തമാനം നിഴലും വെളിച്ചവും
കറുപ്പും വെളുപ്പുമായി
വെറുമൊരോര്‍മ്മയായി തീരുന്നു.

അറില്ലാത്തവന്‍ ഭൂതത്തിനും ഭാവിക്കുമിടയില്‍
അല്പ്പായുസ്സായ വര്‍ണ്ണരാജികളേയോ മിന്നലാട്ടങ്ങളെയോ
കണ്ടു വഞ്ചിതനായി തീരുന്നു.

Wednesday, October 28, 2009

ഒരു മഹാകവിയുടെ ജനനം

കവിതകളുടെ ദിനങ്ങളാണിനി, മഹാ കവിതകളുടെ.
വൃത്തങ്ങള്‍ കാണില്ല, ഒരു
വൃത്തത്തേക്കാള്‍ വലുതല്ലേ
കവിയും കവിതകളും.

പ്രാസമൊപ്പിക്കാന്‍ ഇവയൊരു
തമാശക്കാരന്റെ ജല്പ്പനങ്ങളല്ല.

ബുദ്ധിയുള്ളവന്‍ മനസിലാക്കട്ടെ!
വിഡ്ഢികള്‍ നാടു വിടട്ടെ!

അങ്ങനെ അതിബുദ്ധിമാന്‍മാര്‍ അവശേഷിക്കുമ്പോള്‍,
സ്തുതിപാഠകര്‍ തെരുവില്‍ സമ്മേളിക്കുമ്പോള്‍,
അന്യന്റെ വാക്കുകള്‍
സംഗീതം പോലെ, കവിത പോലെ
ആസ്വദിക്കുന്ന ഒരു കാലം വരും.
തീര്‍ച്ച.