Wednesday, November 4, 2009

ചിന്തകള്‍:തുമ്പികള്‍

ചിന്തകള്‍ പലപ്പോഴും ഒരു തീവണ്ടി പോലെ കുതിച്ചു പായുന്നു.
ഒന്നിനു പുറകെ ഒന്നായി
പലതരം ചിന്തകള്‍ കോര്‍ത്തിണക്കപ്പെട്ട്,
പല ബോഗികള്‍ ഒരു തീവണ്ടിയിലെന്ന പോലെ.
പലതും കയറ്റിയും ഇറക്കിയും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ.
ഈയിടെയായി എന്റെ ചിന്തകള്‍
തുമ്പികളെ പോലെയാണ്.
ഒരിടത്തും ഇരുപ്പുറയ്ക്കാതെ,
ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്
മനസ്സ്‌ ഒരു കടലാസ് പട്ടം പോലെ ചാഞ്ചാടിയുലയുന്നു.
എനിക്ക് ഭയമാണ്
കാറ്റ് നിലയ്ക്കുമ്പോള്‍
കടലാസ്സു പട്ടം താഴേയ്ക്ക് പതിക്കില്ലേ?
തെളിഞ്ഞ ആകാശത്തില്‍ നിന്നും
താഴെ മരുഭൂമിയിലേയ്ക്ക്?
നടുക്കടലിലേയ്ക്ക്?
അഗാധ ഗര്‍ത്തത്തിലേയ്ക്ക്?

Tuesday, November 3, 2009

നിഴലും നിലാവും

നിലാവ് പ്രണയമാണ്;
നിഴല്‍ പ്രണയിനിയുടേതും.
നിലാവില്‍ നിഴലിനു എന്ത് ഭംഗിയാണ് , വശ്യവും.
സൂര്യവെളിച്ചം പോലെയാണ് ജീവിതം.
സൂര്യവെളിച്ചത്തില്‍ നിഴലിനു കറുപ്പേറുന്നു;
ജീവിതം പ്രണയിനിയുടെ ഭാവം വെളിപ്പെടുത്തും പോല്‍.

Monday, November 2, 2009

വാഴ്ത്തപെട്ടവര്‍

ചതിക്കപെട്ടവര്‍ക്കും ചതിക്കപെടാനിരുന്നവര്‍ക്കും വേണ്ടി
അവിശ്വസ്ഥയായവളെ അയാള്‍ കൊന്നുകളഞ്ഞു.
ചതിക്കപെട്ടവരും ചതിക്കപെടാനിരുന്നവരും,
അവിശ്വസ്ഥരായവരും അവിശ്വസ്ഥരാകാനിരുന്നവരും ചേര്‍ന്ന്
അയാള്‍ക്ക് വധശിക്ഷ വിധിച്ച് തൂക്കിലേറ്റി.
അതിനുശേഷം വാഴ്ത്തപെട്ടവരായി സ്വയം പ്രഖ്യാപിച്ചു.

Sunday, November 1, 2009

അനാഥന്‍

വൃദ്ധന്‍ കോലായിയില്‍ മരിച്ചുകിടന്നിരുന്നു.
വൃദ്ധന്റെ കടവായില്‍ നിന്നൊഴുകിയ നിണം
കോലായിയിലൂടെ പടര്‍ന്ന് തൊടിയുടെ
മൂലയിലൂടെ അസ്തമയ സൂര്യന്റെ
താഴ്വരയിലേയ്ക്ക് ഒഴുകികൊണ്ടിരുന്നു.
തൊടിയുടെ മറ്റൊരു കോണില്‍ ശവ മാഫിയയില്‍
നിന്നൊരുവന്‍ ‍പതുങ്ങിനിന്നിരുന്നു.